തഴമ്പ്

അപ്പൂപ്പന് ആനയുണ്ടായിരുന്നു എന്ന് വച്ച് പേരക്കുട്ടിക്കുട്ടിയുടെ ചന്തിയിൽ തഴമ്പുണ്ടാവുമോ.. മലയാള ഭാഷാ പ്രയോഗത്തിൽ നിത്യഹരിതമായി മുഴങ്ങി നിൽക്കുന്നൊരു തഴമ്പ് സാഹിത്യമാണിത്. കേവല തമാശയിലെ ചോദ്യം എന്നതിലുപരി ഓരോ മലയാളിയുടെയും സ്വയം നെഞ്ചിലേക്ക് സ്വന്തം ചൂണ്ടു വിരലായി നീണ്ട് നിൽക്കുന്നതും ചിന്തോദ്ദീപവുമാണത്. പിതാവിനോ പ്രപിതാവിനോ ഉണ്ടായിരുന്നതായി പറയപ്പെടുന്ന പ്രൌഡി മകന് നാട്ടുകാർ വകവെച്ച് നൽകിക്കൊള്ളണമെന്നില്ല

തഴമ്പ്, ഗതകാലത്ത് കായികാദ്ധ്വാനം നടത്തിയിരുന്ന പുരുഷന്റെ കൈവെള്ളയിലെ അലങ്കാരമായിരുന്നു കൈത്തഴമ്പ്. കുടുംബം പുലർത്താൻ ഏത് കാഠിന്യതയോടും അഭിമാനത്തോടെ പടവെട്ടിയിരുന്ന മനക്കരുത്തിന്റെ പച്ചയായ അടയാളം. കല്യാണ ആലോചന സമയത്ത് പെണ്ണിനെ പോറ്റാൻ കഴിയുന്നവനാണോ എന്നറിയാൻ കൈവെള്ളയിലെ തഴമ്പിന്റെ എണ്ണവും കനവും വിലപ്പെട്ടതായി വിലയിരുത്തിയിരുന്ന ഗതകാലം. തഴമ്പ് നിറഞ്ഞ പരുക്കൻ കൈവെള്ളയിലലിയാൻ നാണത്തോടെ എന്നാൽ അഭിമാനത്തോടെ മണവാട്ടികൾ വന്നെത്തിയിരുന്ന കാലം.

തഴമ്പ്, നിത്യമായി ചെയ്യുന്ന ജോലിയുടെ സ്വഭാവത്തിനനുസരിച്ച് വ്യത്യസ്തമായിരിക്കും. തൂമ്പയും മൺവെട്ടിയും പിടിക്കുന്നവരിലെ വലത് കൈയിലെയും ഇടത് കൈയിലെയും തഴമ്പിനുമുണ്ടാവും വ്യത്യാസം. വെട്ടുകത്തി പോയെയുള്ള നിത്യത്തൊഴിലിലേർപ്പെടുന്നവർക്ക് മിക്കവാറും വലത് കൈയിലേ കാണൂ തഴമ്പിന്റെ പാട്. കലപ്പയുടെ പിടിയിൽ മാറി മാറി പിടിക്കേണ്ടത് കൊണ്ട് രണ്ട് കൈയിലും ഒരു പോലെ വരാം തഴമ്പിന്റെ കനം. ഏത് തരം ജോലിയും നിരന്തരം ചെയ്യുമ്പോഴും അതിന്റെ സ്വഭാവത്തിനും കാഠിന്യതക്കും അനുസരിച്ച് കൈയിലോ മറ്റ് അവയവങ്ങളിലോ തഴമ്പ് വരാം. പകലിലെ അദ്ധ്വാനാനന്തരം തഴമ്പ് വീണ കൈവെള്ളയിൽ കൂലി ഏറ്റു വാങ്ങുന്ന തൊഴിലാളിയുടെ മനസ്സിന്റെ ആഹ്ളാദം വിലയിരുത്താൻ മാപിനിയില്ല തന്നെ.

ആദ്യമായി ജോലിക്കിറങ്ങുന്നവർക്ക് തഴമ്പുണ്ടാവില്ല. പക്ഷേ വേദനയുണ്ടാവും, പിന്നെ തൊലി പൊള്ളിയടർന്ന് പൊട്ടലും നീറ്റലും പ്രയാസവുമുണ്ടാവും. പൊള്ളിയടർന്ന് പൊട്ടിയ തൊലിയും വേദനയും പിറ്റേന്ന് തൊട്ടുള്ള കഠിനാദ്ധ്വാന നൈരന്തര്യത്തിന്റെ നിശ്ചയ ദാർഢ്യതക്ക് മുന്നിൽ തോറ്റ് മാറുമ്പോഴാണ് പുതിയ തൊലി വന്നത് പതിയെ തഴമ്പായി മാറുന്നത്.

എന്നാൽ നിത്യമായി ചെയ്ത് കൊണ്ടിരുന്ന അദ്ധ്വാനം മതിയാക്കി സ്ഥായിയായി നിർത്തുന്ന പക്ഷം തഴമ്പിച്ച് കനത്ത തൊലി (തഴമ്പ്) പതിയെ നുരുമ്പി അടർന്ന് തൊലിയുടെ സ്വാഭാവിക മാർദ്ദവത്തിലേക്ക് വരും. ഒരിക്കൽ വന്ന തഴമ്പ് മാഞ്ഞ് പോകാൻ വലിയ താമസമില്ലെന്ന് സാരം.

സ്ഥിരമായി ആനപ്പുറത്തിരുന്നാൽ തഴമ്പുണ്ടാവുമോ, ചന്തിയിൽ. ഒരു പ്രയോഗം എന്നതിലപ്പുറം ചന്തിയിൽ തഴമ്പിനുള്ള സാധ്യത തുലോം വിരളമാണ്.

നഗ്നപാദനായ നിരന്തര നടത്തം പാദത്തിന്റെ ഉള്ളം തൊലിയെ ഘനമുള്ളതാക്കിയേക്കാം. അതിനെ പക്ഷേ തഴമ്പെന്ന് വിളിക്കാറില്ല.

മുസ്ലിം നിസ്കാരത്തിലെ സാഷ്ടാംഗ നൈരന്തര്യത്തിന്റെ ഭാഗമായി പൊതുവെ മൃദുചർമ്മമായ നെറ്റിയുടെ മധ്യത്തിൽ തഴമ്പ് പോലെ തൊലി കട്ടിയായി കണ്ടേക്കാം. ശരീരത്തിന്റെ നല്ലൊരു ശതമാനം ഭാരവും നെറ്റിയിൽ താങ്ങിയാണല്ലോ മുസ്സിം നിസ്കാരത്തിലെ സാഷ്ടാംഗം എന്നതാണതിന് കാരണം.

ഗതകാലത്തെ ഗുരുകുല പാഠ്യ ശീലത്തിൽ ഗുരുവും ശിഷ്യരും നിലത്താണ് (പായ പോലെയുള്ളത് സന്ദർഭോചിതം ഉണ്ടാവാം ഇല്ലാതിരിക്കാം) ഇരുന്നിരുന്നത്. അതിൽ തന്നെ ശിഷ്യർ മിക്കവാറും ഇടത് കാൽപാദം മലർത്തി അതിൽ ചന്തിയമർത്തി ഇരുന്ന് വലത് കാൽ മുട്ട് മടക്കി ഊന്നിയുള്ളതാണ് പതിവ്. അത്തരത്തിലെ നിരന്തരമായ ഇരുപ്പിനാൽ ഇടത് കാൽപാദത്തിൽ ഞെരിയാണിയുടെ തൊട്ട് താഴെ നല്ലൊന്തരം തഴമ്പ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ചർവ്വിത ചർവ്വണം നടക്കുന്ന ചുണ്ടുകളിൽ തഴമ്പ് വരുന്നില്ല, ജനിച്ച നാൾ തൊട്ട് ദ്രവ-ഖര രൂപത്തിൽ നിരന്തരം ഭക്ഷണം കഴിച്ച് വളർന്നതാണെങ്കിലും തൽഫലമായി മനുഷ്യന്റെ വായിലോ മറ്റോ തഴമ്പുണ്ടാവുന്നില്ല, ഉണ്ടാവുകയുമില്ല.

ഇതൊക്കെ കേട്ട് തഴമ്പിച്ചതാണല്ലോ എന്ന ചോദ്യമുണ്ട് ഒരു ചൊല്ലായി മലയാളത്തിൽ. അത് പക്ഷേ കേവലം ആലങ്കാരികമാണ്. പലയാവർത്തി കേട്ടതിന്റെ വിരസതയെ പരോക്ഷമായി സൂചിപ്പിക്കുന്നതാണത്. കർണ്ണപുടത്തിൽ തഴമ്പ് വരാൻ സാധ്യതയേ ഇല്ലെന്നാണ് പരമാർത്ഥം.

തഴമ്പ് എന്ന പദം പ്രയോഗത്തിൽ വരുന്ന അത്രയൊന്നും ശരീരത്തിൽ വരുന്നില്ല. കായികമായ കഠിനാദ്ധ്വാനം ക്രമേണ കുറഞ്ഞ് വരുന്ന ഇക്കാലത്ത് തഴമ്പ് വരാനുള്ള സാധ്യതയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ശരീരത്തിലെ തഴമ്പ് ഇല്ലാതായാലും മലയാള സംസാര – ഭാഷാ പ്രയോഗത്തിലെ തഴമ്പ് അവസാനിക്കില്ല തന്നെ. മനുഷ്യനുള്ല കാലത്തോളം, മാനുഷികമായ അദ്ധ്വാനം നിലനിൽക്കുന്ന കാലത്തോളം തഴമ്പ് മായാതെ, പൊളിയാതെ നിലനിൽക്കുക തന്നെ ചെയ്യും.


വാൽക്കുറിപ്പ്.


തഴമ്പ് എന്ന വാക്കിനെ കുറിച്ച് കാര്യമായൊന്നും ഗൂഗ്ളിന്റെ അമ്മാവനായ വിക്കി മൂപ്പനിൽ കണ്ടില്ല. ആകെ കിട്ടിയത് താഴെയുള്ളത് മാത്രം,

നാമം തഴമ്പ്, 1. ഏതെങ്കിലും പരുക്കൻ വസ്തുവിന്റെ നിരന്തരമായ സമ്പർക്കംമൂലം തൊലിപ്പുറത്തുണ്ടാകുന്ന തടിച്ച അടയാളം. ഉദാ: കോടാലിത്തഴമ്പ്.

തഴമ്പ് എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wiktionary.org/w/index.php?title=സംവാദം:തഴമ്പ്&oldid=543237" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തഴമ്പ്" താളിലേക്ക് മടങ്ങുക.