സംവാദം:അഭി
- പൂർണ്ണപദമല്ലാത്ത എല്ലാ രൂപങ്ങളെയും ശൃംഖല ചേർത്ത് എഴുതണം, മുന്നിലോ പിന്നിലോ; ധാതുക്കളും പ്രത്യയങ്ങളും എല്ലാം. വിക്കിനിഘണ്ടുവിൽ പാലിച്ചിട്ടില്ലാത്ത ഒരു കാര്യമാണിത്. ഉപസൃഷ്ടപദങ്ങൾ വർഗ്ഗീകരിച്ചാൽ മതി. താളിൽ വിവരിക്കേണ്ടതില്ല.--Thachan.makan (സംവാദം) 06:38, 8 മേയ് 2012 (UTC)
- അഭി- എന്നാക്കണമെന്നല്ലേ ഉദ്ദേശിച്ചിരിക്കുന്നത്? --Vssun (സംവാദം) 06:43, 8 മേയ് 2012 (UTC)
1. സാധാരണ (അച്ചടിച്ച) ഇംഗ്ലീഷ് നിഘണ്ടുക്കളിൽ ശൃംഖല ചേർത്തെഴുതുന്നതാണു കണ്ടുപരിചയം എന്നു സമ്മതിക്കാം. പക്ഷേ, ഗുണ്ടർട്ട് നിഘണ്ടുവിലും, ശബ്ദതാരാവലിയിലും, അഭിനവമലയാളനിഘണ്ടുവിലും മൊണിയർ വില്യംസ് (സംസ്കൃതം) നിഘണ്ടുവിലും മറ്റും ഉപസർഗ്ഗങ്ങളെ ഹൈഫൺ പ്രത്യേകം ഇല്ലാതെത്തന്നെയാണു് കൊടുത്തിരിക്കുന്നതു്. ഭാഷാശാസ്ത്രപരമായും ഇവയ്ക്കു് ഒറ്റയ്ക്കു നിൽക്കാനുള്ള സാധുതയുണ്ടു്.
2. ഉപയോഗസംബന്ധമായ സാങ്കേതികപ്രശ്നവുമുണ്ടു് ഇക്കാര്യത്തിൽ. അഭി എന്ന പദത്തിനോടുകൂടി ഹൈഫൺ ചേർത്തുവെച്ചാൽ സെർച്ച് വിസിബിലിറ്റി വളരെ കുറയും. വാസ്തവത്തിൽ ഇത്തരം താളുകൾ വികസിപ്പിക്കാൻ ഞാനിപ്പോൾ ശ്രമിക്കുന്നതു തന്നെ സെർച്ച് ഓപ്റ്റിമൈസേഷൻ ലാക്കാക്കിയാണു്.
3. അഭി- എന്നു് ഒരു തിരിച്ചുവിടൽ താൾ ഉണ്ടാക്കിയോ, (ഈ താളിൽ തന്നെ പദത്തോടൊപ്പം, ഒറ്റയ്ക്കു് അസ്തിത്വമില്ലെന്ന ഒരു വിശദീകരണത്തോടെയോ) ഈ ദോഷം പരിഹരിക്കാം.
4. ഉപസർഗ്ഗങ്ങൾക്കും അവ്യയങ്ങൾക്കും പ്രത്യേകമായി വർഗ്ഗങ്ങൾ ഉണ്ടാക്കേണ്ടതു് ആവശ്യം തന്നെ. പക്ഷേ, ഇത്തരം പേജുകളാണു് വിക്കിനിഘണ്ടു സന്ദർശിക്കാനെത്തുന്ന / ഉപയോഗിക്കാനെത്തുന്ന തുടക്കക്കാരും അല്ലാത്തവരുമായ വായനക്കാർക്കും സെർച്ച് എഞ്ചിനുകൾക്കും കൂടുതൽ പഥ്യം.
അതുകൊണ്ടു് തച്ചൻ.മകന്റെ അഭിപ്രായത്തോടു് ബഹുമാനപൂർവ്വം വിയോജിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:53, 8 മേയ് 2012 (UTC)
2.കുത്ത്, കോമ, ഹൈഫൺ തുടങ്ങിയവ തിരച്ചിലിനെ ബാധിക്കില്ല എന്നാണ് അറിവ്.
1. (തദ്ധിത-)ലിംഗപ്രത്യയമായ '-അൻ'-ഉം നിഷേധപ്രത്യയമായ 'അൻ-' -ഉം രണ്ടുതാളുകളിൽ വരുന്നതാണ് രണ്ടും 'അൻ' എന്ന താളിൽ വരുന്നതിനെക്കാൾ ശാസ്ത്രീയം. അത് രൂപത്തെ കൂടുതൽ വിശേഷീകരിക്കും (specification). കമ്പ്യൂട്ടേഷണൽ മെച്ചമുണ്ട്. ബദ്ധരൂപങ്ങളെയും അവയുടെ സന്ധാനസ്ഥാനത്തെയും എളുപ്പം തിരിച്ചറിയാൻ പറ്റും.
ഇതുകൊണ്ട് മാത്രമായെന്ന് പറയുന്നില്ല; ഇതുപോലെ, എൻട്രികൾക്കകത്ത് പദ-, രൂപിമ-, അക്ഷര- സീമകൾ (word-, morpheme-, syllabic- boundaries) കൂടി ചേർക്കുകയാണെങ്കിൽ കൂടുതൽ പ്രയോജനമുണ്ട്. നിഘണ്ടുക്കൾ പ്രജനകവും ചലനാത്മകവും (generative+productive & open+dynamic) ആകണം. ഭാഷാശാസ്ത്രപരീക്ഷണങ്ങൾക്ക് തക്കവിധം ഒരു വിപുലമായ കോശസംഗ്രഹം (Lexical corpora) ആണ് നമുക്കാവശ്യം. കൂടുതൽ സൂക്ഷ്മമായ വർഗ്ഗീകരണമാണ് ഇതിൽ പ്രധാനം.
ഇതൊക്കെ അന്വേഷകന് തലവേദനയുണ്ടാക്കാതെ ചെയ്യാൻ പറ്റുന്നതേയുള്ളൂ. ഹൈഫൺകൊണ്ട് എന്താ പ്രയോജനം എന്നു മാത്രമാണ് പറഞ്ഞത്. അല്ലാത്ത ഏർപ്പാടിൽ ദോഷമുണ്ടെന്നൊന്നുമല്ല. വേണമോ വേണ്ടയോ എന്ന് ചർച്ചവഴി തീരുമാനപ്പെടട്ടെ.
3.അഭിയിൽനിന്നുള്ള തിരിച്ചുവിടൽകൊണ്ട് എന്ത് ദോഷം പരിഹരിക്കാമെന്നാണ്? തിരിച്ചാണ് തിരിച്ചുവിടൽ—ആവശ്യമെങ്കിൽ—വേണ്ടത്. 'അഭി' പേരുമാകാമെന്നതിനാൽ 2 താൾ ആണ് ആവശ്യം ഇവിടെ.
4.അവ്യയങ്ങൾക്ക് പ്ര്യത്യേകവർഗ്ഗം എന്തിനാണെന്ന് മനസ്സിലായില്ല. നൂറുകണക്കിനുവരുന്ന ഉപസൃഷ്ടപദങ്ങളിൽ ഒരു നൂറെണ്ണം ഒരു താളിൽ നിരത്തിവെക്കുന്നകൊണ്ട് എന്ത് കാര്യം? തെരയുന്നവർ എത്തിപ്പെടുമ്പോൾ കുറേ ചുവന്ന കണ്ണികാണും എന്നും അവർ ഇവിടെ തെരഞ്ഞുമറിഞ്ഞ് തിരുത്തും എന്നുമാണോ? :)--Thachan.makan (സംവാദം) 10:08, 8 മേയ് 2012 (UTC)
കുത്ത്, കോമ തുടങ്ങിയ ചിഹ്നങ്ങൾ ഇംഗ്ലീഷിൽ ഒഴിഞ്ഞുനിൽക്കുന്നത്ര സൗകര്യപൂർവ്വം കിഴക്കൻ ഭാഷകളിൽ സെർച്ച് എഞ്ചിനുകൾക്ക് ഇപ്പോഴും വഴങ്ങിത്തുടങ്ങിയിട്ടില്ല. ഇതിനുദാഹരണം വിക്കിപീഡിയയിലെത്തന്നെ സെർച്ച് എഞ്ചിനാണു്.
വിക്കിനിഘണ്ടുവിന്റെ നിലവിലുള്ള ഫോർമാറ്റ് ഒട്ടും ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാനും. ഫോർമറ്റീവ് സിന്തെസിസിനും ഓട്ടോമേറ്റയ്ക്കും യോജിച്ച ഒട്ടനവധി കാര്യങ്ങൾ ഇപ്പോഴത്തെ നിലയിൽ വിക്കിനിഘണ്ടുവിൽ ഇല്ല. പൊതുവായൊരു ഫോർമാറ്റ് പോലുമില്ല ഇപ്പോൾ. മലയാളം പദസർവ്വസ്വത്തെ സഹായിക്കാനാവുന്ന വിധത്തിൽ വിക്കിനിഘണ്ടുവിനെ എങ്ങനെ രൂപപ്പെടുത്താമെന്നതിനെക്കുറിച്ച് വർഷങ്ങളായി ഞാനും ആലോചിച്ചുകൊണ്ടിരിക്കുകയാണു്. തൽക്കാലം വിക്കിനിഘണ്ടു കഴിയുന്നത്ര പദസമ്പുഷ്ടമാവുകയും ആളുകൾ അതുപയോഗിക്കാൻ തുടങ്ങുകയുമാണു വേണ്ടതു് എന്ന സമാശ്വാസത്തിലാണു് എപ്പോഴും ചെന്നെത്തിനിൽക്കുന്നതു്.
ചുവന്ന കണ്ണികൾ നിരത്തിവെയ്ക്കുന്നതു് അലംഭാവപൂർവ്വം എത്തിപ്പെടുന്നവർ അവയൊക്കെ തിരുത്തുമെന്നോ, ഇത്രയും വാക്കുകൾ ഒരുമിച്ചു കണ്ടു് അഭിമാനപുരസ്സരം 'ഹായ്, എന്റെ മലയാളമേ!' എന്നു് ആശ്ചര്യപ്പെടുമെന്നോ കരുതിയല്ല. (വ്യക്തിപരമായി), (ഞാൻ തന്നെ), പല നിഘണ്ടുക്കളിൽ നിന്നും എടുത്തെഴുതുമ്പോൾ, വാക്കുകൾ വിട്ടുപോകാതിരിക്കാനും ജോലിയ്ക്കു് ഒരു ചിട്ടയുണ്ടാകാനും വേണ്ടിയാണു്. അതേ സമയം, ഇവ കൊണ്ട് SEO ലോജിക്കുകൾ കൂടുതൽ നന്നായി പ്രവർത്തിക്കുമെന്ന മെച്ചവും കൂടിയുണ്ടു്.
മുകളിൽ വെവ്വേറെ താളുകൾ വേണമെന്ന അഭിപ്രായത്തെക്കുറിച്ച്: ഒരേ (ലിഖിത)അക്ഷരഘടനയുള്ള, വ്യത്യസ്ത സെമാന്റിക് ആശയമുള്ള വാക്കുകൾ ഒരു താളിൽ തന്നെ ക്രമനമ്പറിട്ട് നൽകുന്നതാണു് ഇപ്പോൾ വിക്‌ഷണറിയിൽ കാണുന്ന രീതി. ഇതുതന്നെയാണു നല്ലതെന്നാണു് എനിക്കും തോന്നുന്നതു്. അതേ സമയം അൻ- പോലുള്ള പ്രത്യയങ്ങളുടെ വ്യത്യസ്ത അസ്തിത്വങ്ങൾ (മൂലപരിണാമങ്ങൾ) തെളിച്ചുകാണിക്കുമാറു് ഇവ അതേ പേജിൽ തന്നെ മാറിനിൽക്കുകയും വേണം.
ചുരുക്കത്തിൽ, ഒരു ലെക്സിക്കൽ കോർപ്പോറ ആവാൻ തക്കവിധം വിക്കിനിഘണ്ടു രൂപപ്പെടുത്തുക ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ട ഒരു കാര്യമാണു്. ഭാഷയിലും കമ്പ്യൂട്ടിങ്ങിലും ഒരേ സ്മയം അതിവിദഗ്ദരായ ഒരു പാട് ആളുകൾ ഇവിടെ എത്തിച്ചേർന്നിട്ടേ അതു സാദ്ധ്യമാകൂ. അതില്ലാത്തിടത്തോളം കാലം മലയാളത്തിനു സ്വതഃസിദ്ധമായ അരാജകത്വം ഒരു ദീർഘദർശിസമവായത്തിനു സമ്മതിക്കില്ല. ഭാഷയുടെ ഭൂത-വർത്തമാന-ഭാവിതലങ്ങളും കമ്പ്യൂട്ടർ സാദ്ധ്യതകളും ഉൾപ്പെടുത്തിയ സുദീർഘവും ഗഹനവുമായ ചർച്ചകൾക്കുശേഷം സമരസപ്പെടുന്ന മൗലികമായ തീരുമാനങ്ങൾ ഇത്തരം (ചെറുതെന്നു തോന്നിക്കുന്ന) കാര്യങ്ങളിൽ പോലും ആവശ്യമാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:22, 8 മേയ് 2012 (UTC)